മുണ്ടക്കയം: ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പൂഞ്ഞാർ - എരുമേലി സംസ്ഥാന പാതയിലെ പ്രധാന കവലയായ കരിനിലത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
രണ്ട് പൊതുവിതരണ കേന്ദ്രങ്ങളടക്കം പ്രവർത്തിക്കുന്ന ഈ കവലയിൽ ദിവസേന നൂറുകണക്കിന് ആളുകളാണ് വന്നു പോകുന്നത്. യാത്രക്കാർ നിലവിൽ ജംഗ്ഷനിലെ കടകളുടെ വരാന്തകളെയാണ് ആശ്രയിക്കുന്നത്.
മുരിക്കുംവയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ശ്രീ ശബരീശ കോളജ് എന്നിവിടങ്ങളിലെ നൂറുകണക്കിന് വിദ്യാർഥികൾ ദിവസേന ആശ്രയിക്കുന്നത് കരിനിലം ജംഗ്ഷനെയാണ്. കൂടാതെ എരുമേലി, പുഞ്ചവയൽ, പുലിക്കുന്ന്, മുണ്ടക്കയം തുടങ്ങിയ വിവിധ ഭാഗങ്ങളിലേക്ക് ബസ് മാറി കയറേണ്ട യാത്രക്കാരും ഈ സ്റ്റോപ്പിലാണ് ഇറങ്ങുന്നതും കയറുന്നതും.
ശബരിമല തീർഥാടന കാലത്ത് യാത്രക്കാർ ഇരട്ടി ദുരിതമാണ് അനുഭവിക്കുന്നത്. അടിയന്തരമായി കരിനിലം ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.